ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്ന്, രണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ജൂലായ് ഒന്നു മുതൽ 11 വരെ 373 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് സാധാരണഗതിയിൽ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 മുതൽ 5 വരെ ലഭിച്ച മഴ 126 ശതമാനം അധികമാണ്. ഓഗസ്റ്റ് 22 മുതൽ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതൽ സെപ്തംബർ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.
പ്രതിദിന മഴയുടെ പാറ്റേണിൽ വലിയ മാറ്റം സംഭവിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. അതിതീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ വന്ന് റോഡുകൾ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണമെന്നും ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
12 റിംഗ് റോഡ് ഫോൺ-ഇൻ പരിപാടികളാണ് കഴിഞ്ഞ 15 മാസങ്ങൾക്കിടെ നടത്തിയത്. ഇതുവരെ പൊതുമരാമത്ത് വകുപ്പുമായി മാത്രം ബന്ധപ്പെട്ട് 270 ഓളം പരാതികൾ ലഭിച്ചു. ഇതിൽ വലിയ ശതമാനം പരിഹരിക്കാൻ സാധിച്ചതായി മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടന്ന ഫോൺ-ഇൻ പരിപാടിയിൽ 22 പരാതികളാണ് വന്നത്. ഇതിൽ 19 പരാതികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ആ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും കരാറുകാരിൽ ഭൂരിഭാഗം പേരും നല്ല രീതിയിൽ കാര്യങ്ങൾ നടന്നു പോകണം എന്ന രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷം തെറ്റായ പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇതു വച്ച് മൊത്തം വകുപ്പ് പ്രശ്നമാണ് എന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് റോഡ് നിർമാണത്തിലോ അറ്റകുറ്റപ്പണിയിലോ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയാൽ അത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
0 Comments