ഡൽഹി : ആർഎസ്എസ് മേധാവി മോഹൻ ഭഗവത് രാഷ്ട്ര പിതാവും, രാഷ്ട്രത്തിന്റെ ജ്ഞാനിയുമാണെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസി.
ആർഎസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻ ഭാഗവത് ഞങ്ങളെ സന്ദർശിക്കുന്നത് ഒരു ബഹുമതിയാണ്. ഇമാം ഹൗസിൽ ഒരു യോഗത്തിനാണ് ഭഗവത് വന്നത്. അദ്ദേഹം നമ്മുടെ രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണം. നമുക്കെല്ലാവർക്കും വ്യത്യസ്തമായ രീതിയിൽ ആരാധിക്കാം. എന്നാൽ, അതിനുമുമ്പ് നമ്മൾ എല്ലാവരും മനുഷ്യരാണ്. ഞങ്ങൾ ഇന്ത്യയിലാണ് ജീവിക്കുന്നത്, ഇന്ത്യക്കാരാണ്,’ ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു.
ഇന്ത്യ വിശ്വഗുരു ആകുന്നതിന്റെ വക്കിലാണെന്നും നാമെല്ലാവരും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവത് രാഷ്ട്രപിതാവാണോ എന്ന ചോദ്യത്തിന് ‘തീർച്ചയായും അദ്ദേഹം ‘രാഷ്ട്രപിതാവാണ്’ എന്ന് ഇല്യാസി മറുപടി പറഞ്ഞു.
തന്റെ പിതാവിന് സംഘവുമായി പഴയ ബന്ധമുണ്ടെന്ന് ഇല്യാസിയുടെ സഹോദരൻ സുഹൈബ് ഇല്യാസി വ്യക്തമാക്കി. ‘ഞങ്ങളുടെ പിതാവിന് സംഘവുമായി പഴയ ബന്ധമാണുള്ളത്. ജമീൽ ഇല്യാസിയുടെ ചരമവാർഷിക ദിനത്തിൽ മോഹൻ ഭാഗവത് പള്ളിയിൽ വന്നിരുന്നു. ഇതൊരു കുടുംബ പരിപാടിയായിരുന്നു, ആ പശ്ചാത്തലത്തിൽ മാത്രമേ ഇത് കാണാവൂ,’ സുഹൈബ് ഇല്യാസി പറഞ്ഞു.
0 Comments