ചെന്നൈ : ചെന്നൈയിൽ ചലച്ചിത്ര നിര്‍മ്മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍.
ചലച്ചിത്ര നിർമ്മാതാവ് ഭാസ്‌കരനെ കൊലപ്പെടുത്തിയ കേസിൽ വിരുഗംപാക്കം സ്വദേശി അറസ്റ്റിലായതായാണ് സൂചന.
ചെന്നൈ വിരുഗംപാക്കം ചിന്മയ നഗറിൽ കൂവം നദിക്ക് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ പരിസര ശുചീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത് .
വിവരമറിഞ്ഞ് എത്തിയ വിരുഗംപാക്കം പോലീസ് പ്ലാസ്റ്റിക് ബാഗില്‍ നടത്തിയ പരിശോധനയിലാണ് 65 വയസ്സുള്ള ഒരാളെ കൈകാലുകൾ ബന്ധിച്ച് വായ പൊത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഖമുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായ മുറിവുകൾ കണ്ടെത്തി. അക്രമികൾ ഇയാളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചതായി കണ്ടെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പോലീസ് കിൽപ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ആദമ്പാക്കത്തുള്ള ഒരാൾ പിതാവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
തുടര്‍ന്നാണ് സിനിമാ നിർമാതാവായ ആദമ്പാക്കത്തെ ഭാസ്‌കരൻ (65) ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം ഭാസ്കരന്റെതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു. സംഭവത്തിൽ വിരുഗമ്പാക്കം പോലീസ് ഊർജിത അന്വേഷണം നടത്തിവരികയാണ്.
കൊല്ലപ്പെട്ട ഭാസ്‌കരൻ ‘സാമ്രാട്ട്’, ‘വൈറ്റ്’ എന്നീ 2 ചിത്രങ്ങൾ നിർമ്മിച്ചു. അതിന് ശേഷമാണ് അദ്ദേഹം സിനിമാലോകം വിട്ടതെന്നാണ് സൂചന.
0 Comments