ഖത്തർ : ഖത്തറിൽ അടച്ചിട്ട ബസിൽ പെട്ടുപോയ നാലു വയസുകാരിയുടെ മരണത്തിൽ ഉത്തരവാദികളായ ആളുകളുടെ പേരിൽ നടപടി എടുക്കുമെന്ന് ഗവൺമെന്റ് വ്യക്തമാക്കി.
ഖത്തർ വിദ്യാഭ്യാസ മന്ത്രി ബത്തയിന ബിൻത് അലി അൽ നുഐമി മലയാളിയായ കുട്ടിയുടെ വീട് സന്ദർശിച്ചു.
‘ബന്ധപ്പെട്ട അധികൃതരുമായി’ ചേർന്ന് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുറ്റവാളികളെതിരെ ഏറ്റവും രൂക്ഷമായ നടപടി എടുക്കും. ഞായറാഴ്ച ജന്മദിനത്തിലാണ് മിൻസ മറിയം ജേക്കബ് മരിച്ചത്. ദോഹയ്ക്കു സമീപം അൽ വക്രയിൽ സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർട്ടൻ സ്കൂളിന്റെ ബസിൽ കുട്ടി ഇരുന്നു ഉറങ്ങിപ്പോയതു ശ്രദ്ധിക്കാതെ ജീവനക്കാർ ബസ് പൂട്ടി പോയതോടെയാണ് കഠിനമായ ചൂടിൽ മിൻസ മരിച്ചത്. നാലു മണിക്കൂർ കഴിഞ്ഞു ഉച്ചയ്ക്ക് 12 മണിയോടെ ഡ്രൈവറും സഹായിയും ബസിൽ തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖത്തറിൽ ഉച്ചയോടെ 40 ഡിഗ്രി സെൽഷ്യസിനപ്പുറം ചൂടുയരുന്ന സമയമാണിത്.
ഖത്തറിൽ ഗ്രാഫിക് ഡിസൈനറായ അഭിലാഷ് ചാക്കോയുടെയും ഭാര്യ സൗമ്യയുടേയും ഇളയ മകളാണ് മിൻസ. മൂത്ത കുട്ടി മീഖാ രണ്ടാം ക്ലാസിൽ പഠിക്കുന്നു. കോട്ടയത്തിനടുത്തു ചിങ്ങവനം സ്വദേശിയാണ് അഭിലാഷ്.
ബസ് ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ അപലപിച്ചു പ്രവാസി സമൂഹം രോഷം കൊണ്ടു. ഖത്തറിൽ ആദ്യമായാണ് ഇങ്ങിനെ ഒരു സംഭവം എന്ന് ഈജിപ്ഷ്യൻ സ്വദേശി അബ്ദെളാൽ അബ്ദള്ള ഖലീൽ പറഞ്ഞു. അദ്ദേഹത്തത്തിന്റെ നാലു കുട്ടികൾ ദോഹയിൽ സ്കൂളിൽ പഠിക്കുന്നുണ്ട്. “സഹായി ബസ് പരിശോധിച്ച ശേഷം ഡ്രൈവർ വീണ്ടും പരിശോധിക്കണം,” അലെക്‌സാഡ്രിയയിൽ നിന്നുള്ള അഭിഭാഷകൻ പറഞ്ഞു. മിൻസയുടെ ജഡം നാട്ടിൽ കൊണ്ടു പോയി സംസ്കരിക്കണം എന്നാണ് കുടുംബത്തിന്റെ ആഗ്രഹം.
0 Comments