ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന.
ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധന നടക്കുന്നത്. നേവിയിലെ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണോ ബോട്ടിൽ നിന്നും കണ്ടെടുത്തതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് പരിശോധന. നാവികസേന പരിശീലനം നടത്തുന്ന കേന്ദ്രത്തോട് ചേർന്നുളള പ്രദേശത്തും പൊലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സംഭവം ഉണ്ടായത്. എന്നാൽ സംഭവത്തിനു പിന്നിൽ തങ്ങളല്ലെന്ന് നാവികസേനാ പ്രതികരിച്ചിരുന്നു. തങ്ങളല്ല വെടിയുതിർത്തതെന്നും ബോട്ടിൽ നിന്നും കണ്ടെടുത്ത ബുളളറ്റ് സൈനികർ ഉപയോഗിക്കുന്നതല്ലെന്നും നാവികസേന വ്യക്തമാക്കിയിരുന്നു.
അതേസമയം നാവികസേനയുടെ വിശദീകരണം പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. ഇതേതുടർന്ന് സംഭവം നടന്ന കടൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നേവി ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളിൽ വെച്ചുതന്നെയാണെന്നാണ് പോലീസ് നിഗമനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.
0 Comments