കൊല്ലം : ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
പേവിഷബാധ സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.
കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ. 5 നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടിരുന്നു. പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ സംഭവവുമുണ്ടായി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് നായയെ കൊന്നതെന്ന് വ്യക്തമല്ല. നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരത്തിൽ വിദഗ്ധ പരിശോധനയ്ക്ക് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പരിശോധനയുടെ അന്തിമ റിപ്പോർട്ട് 15 ദിവസത്തിനകം ലഭിക്കും. വാക്‌സിൻ ഫലപ്രദമാണോയെന്ന് നിലവിൽ പറയാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
വാക്‌സിൻ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യക്കാണ് നിലവിൽ കേന്ദ്രം നൽകിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്‌സ് ലാബിലാണ് വാക്‌സിൻ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടിലേക്കെത്താനാകൂ.
മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവർ വാക്‌സിൻ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്‌സിൻ ഫലപ്രദമായിരുന്നോ എന്ന് പറയാൻ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.
കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളിൽ നിന്നുള്ള കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ 5 പേർക്കും നൽകിയത്. വാക്‌സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉൾപ്പെടെയാണ് മന്ത്രി കത്തയച്ചത്. കെഎംഎസ്സിഎല്ലിനോട് വീണ്ടും വാക്‌സിൻ പരിശോധനയ്ക്കയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
0 Comments