banner

സര്‍ക്കാര്‍ വകുപ്പിൽ തസ്‌തികകള്‍ ഒഴിഞ്ഞുകിടപ്പില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : സംസ്‌ഥാനത്തെ ഒരു സര്‍ക്കാര്‍ വകുപ്പിലും തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്‌ക്ക്‌ പി.എസ്‌.സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

പി.എസ്‌.സി. റാങ്ക്‌ പട്ടിക നിലവില്‍ ഇല്ലാത്തപക്ഷം അടിയന്തര സാഹചര്യമുണ്ടെങ്കില്‍ താല്‍ക്കാലികാടിസ്‌ഥാനത്തില്‍ നിയമനം നടത്തുന്നതിനു വ്യവസ്‌ഥയുണ്ടെന്നും ഇ. ചന്ദ്രശേഖരന്റെ ഉപക്ഷേപത്തിന്‌ മുഖ്യമന്ത്രി മറുപടി നല്‍കി.

കോവിഡ്‌ വേളയില്‍ ഏറെ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പി.എസ്‌.സി പരീക്ഷകള്‍ നടത്തുന്നതിന്‌ പരിമിതി ഉണ്ടായിരുന്നു. അതിനാല്‍ ചുരുങ്ങിയ കാലയളവില്‍ ക്ലര്‍ക്ക്‌, ലാസ്‌റ്റ്‌ ഗ്രേഡ്‌, എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ തുടങ്ങിയ തസ്‌തികകളുടെ റാങ്ക്‌ ലിസ്‌റ്റ്‌ നിലവിലില്ലായിരുന്നു. ഇപ്പോള്‍ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ 239 ഒഴിവുകളിലേക്ക്‌ അഡൈ്വസ്‌ നല്‍കിക്കഴിഞ്ഞു. ക്ലര്‍ക്ക്‌, ലാസ്‌റ്റ്‌ ഗ്രേഡ്‌ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ ഉടന്‍ അഡൈ്വസ്‌ നല്‍കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

കാസര്‍ഗോഡ്‌, ഇടുക്കി, വയനാട്‌ ജില്ലകളില്‍ നിയമനം ലഭിക്കുന്നവര്‍ അവധിയില്‍ പോകുന്നതുകൊണ്ട്‌ ജീവനക്കാര്‍ ഇല്ലാത്ത സ്‌ഥിതിയുണ്ട്‌.
ഇവിടങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ നിശ്‌ചിത കാലയളവില്‍ അതത്‌ ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കാന്‍ വകുപ്പ്‌ തലവന്മാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Post a Comment

0 Comments