സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധ ഹര്‍ജിയെക്കുറിച്ചാണ് ആക്ഷേപം. ഇത് കര്‍ഷകര്‍ക്ക് ഇടിത്തീയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പരിസ്ഥിതി അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കര്‍ഷകരെ കയ്യേറ്റക്കാരെന്ന് വിളിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു.
പട്ടയം നല്‍കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി അംഗീകരിച്ചെന്നാണ് ഹര്‍ജിയില്‍ ഉള്ളത്. റിമോട്ട് സെന്‍സിങ് സര്‍വേ പൂര്‍ത്തിയാക്കുകയും പുനഃപരിശോധന ഹര്‍ജി നല്‍കുകയും ചെയ്ത ഏകസംസ്ഥാനം കേരളമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിസ്തിതിലോലപ്രദേശത്തോട് ചേര്‍ന്ന ജനവാസമേഖല മുഴുവന്‍ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് മാറ്റിയത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസില്‍ ആരോപിച്ചു.
2019ല്‍ പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിരില്‍ നിന്ന് ഒരുകിലോമീറ്റര്‍ വരെ ബഫര്‍ സോണാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാത്തത് ദുരഭിമാനം കാരണമാണ്. ഗൗരവമേറിയ വിഷയം സര്‍ക്കാര്‍ നിസ്സംഗമായാണ് കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
0 Comments