വിദേശ മലയാളിയായ കാമുകനൊപ്പം താമസിക്കുവാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.
കാമുകനൊപ്പം താമസിക്കുന്നതിനാണ് പഞ്ചായത്ത് അംഗം കൂടിയായ യുവതി ഭര്‍ത്താവിനെ കുടുക്കാന്‍ വാഹത്തില്‍ എംഡിഎംഎ വച്ചത്.
സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന വ്യക്തിയാണ് നോബിള്‍. തിരുവനന്തപുരം കഴക്കൂട്ടം പുത്തന്‍തോപ്പ് ലൗലാന്‍ഡ് വീട്ടില്‍ നോബിള്‍ നോര്‍ബര്‍ട്ടിനെയാണ്(25) അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ എം.ഡി.എം.എ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂലായ് 25-ന് ഇയാളെ പിടികൂടിയിരുന്നു.
ഇവിടെ നിന്നാണ് കാറില്‍ മയക്കുമരുന്ന് വച്ച കേസില്‍ ഇയാളെ വണ്ടന്‍മേട് എസ്.എച്ച്.ഒ. വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.നോബിള്‍ പ്രതികളില്‍ നിന്നും പണം വാങ്ങിയ ശേഷം എം.ഡി.എം.എ. ഒളിപ്പിച്ച് വയ്ക്കുകയും അതിന്റെ ലൊക്കേഷനും വീഡിയോയും കൈമാറുകയുമായിരുന്നു. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം .
അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. ആണ് പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ ഒഴിവാക്കുന്നതിനായി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ ഭാര്യ സൗമ്യയാണ് വാഹനത്തില്‍ മയക്കുമരുന്ന് വച്ചതെന്ന് തെളിഞ്ഞത്. സൗമ്യയ്ക്ക് പുറമെ കാമുകന്‍ വിനോദ് രാജേന്ദ്രനും കൂട്ടാളികളും കൃത്യത്തില്‍ പങ്കാളികളായിരുന്നു.
0 Comments