banner

ശമ്പളം ലഭിച്ചില്ലെന്നാരോപിച്ച് ആത്മഹത്യാശ്രമം; പ്രവാസികളെ നാടുകടത്തും

കുവൈറ്റിൽ കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങി. മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രവാസികളുടെ ആത്മഹത്യാ ഭീഷണിയെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമമായ അല്‍ സിയാസ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അധികൃതരുടെ സമയോചിതമായ ഇടപെടലില്‍ ആത്മഹത്യാ ശ്രമം തടയാന്‍ സാധിച്ചെങ്കിലും ഇവരെ ഇനി ഒരിക്കലും കുവൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. സന്ദര്‍ശക വിസയില്‍ കുവൈറ്റിലെത്തിയ തുര്‍ക്കി പൗരന്മാരാണ് നിയമ വിരുദ്ധമായി കുവൈറ്റില്‍ ജോലി ചെയ്തത്. 

ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടര്‍ തൊഴിലാളികളോട് സംസാരിച്ച് ഉടന്‍ തന്നെ ശമ്പളം നല്‍കാമെന്ന വാഗ്ദാനം നല്‍കി അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. 

കുവൈറ്റില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ശേഷം ജോലി ചെയ്‍തത് നിയമലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയവരെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ച കമ്പനിക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, തുര്‍ക്കി പൗരന്മാര്‍ക്ക് രാജ്യത്തിന്റെ ഏത് അതിര്‍ത്തി വഴി വേണമെങ്കിലും സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ പ്രവേശിക്കാമെന്നും എന്നാല്‍ തൊഴില്‍ നിയമ പ്രകാരം അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും കുവൈറ്റ് അധികൃതര്‍ അറിയിച്ചു.

إرسال تعليق

0 تعليقات