banner

കിളികൊല്ലൂർ സംഭവം: എല്ലാത്തിനും കാരണം ഐപിഎസുകാർ, ജനങ്ങൾക്ക് മേൽ കയറുന്നത് നിയന്ത്രണം വിട്ട്; വൈറലായി വാട്സാപ്പ് മെസേജ്

പോലീസ് സേനയിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസുകാരുടെ വാട്സ്ആപ്പ് മേസേജ്. പൊലീസിൻ്റെ ജനങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐപിഎസുകാരാണെന്നാണ് വാട്സ്ആപ്പ് മേസേജിൽ മുഴുനീളം ആരോപിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും നിയന്ത്രണം വിട്ട് ജനങ്ങൾക്ക് മേൽ കയറുന്നതാണെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.

വാട്സ്ആപ്പ് പൊലീസുകാരുടെ ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കിളികൊല്ലൂർ സംഭവത്തിന് പിന്നാലെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.ഐ.പി.എസുകാരുടെ അനാരോഗ്യ മത്സരം നിർത്തണമെന്നും പോസ്റ്റിൽ പറയുന്നു.

കടുത്ത സമ്മർദ്ദമാണ് ജില്ലാ പൊലീസ് മേധാവിമാരിൽ നിന്നും ഉണ്ടാകുന്നത്. ദിവസവും ലഹരിക്കേസ് ടാർഗറ്റ് തികയ്ക്കാൻ സമ്മർദമുണ്ട്. എസ്.എച്ച്.ഒ മാർ ടാർഗറ്റ് തികച്ചില്ലെങ്കിൽ മാനസിക പീഡനം. മയക്കുമരുന്നിന് എതിരായ പ്രചരണം തുടങ്ങിയ ശേഷം സമ്മർദം കഠിനമാണെന്നും വാട്സ്ആപ്പ് പോസ്റ്റിൽ പറയുന്നു.

ഐപിഎസ്സുകാർക്ക് പൂച്ചെണ്ടു കിട്ടാൻ സമ്മർദം കീഴുദ്യോഗസ്ഥർക്കാണ്. ഈ സമ്മർദം മനുഷ്യാവകാശ ധ്വസംസനത്തിന് പ്രേരിപ്പിക്കുന്നു. സമ്മർദം ഭയന്ന് എടുക്കുന്നത് കള്ളക്കേസുകളെന്ന് പോസ്റ്റിൽ പറയുന്നു. മയക്കുമരുന്ന് കേസിൽ ടാർഗറ്റ് തികയ്ക്കാൻ കള്ളക്കേസ് എടുക്കുന്നുണ്ടെന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ദിവസം രണ്ട് എൻ.ഡി.പി.എസ്. കേസ് വേണമെന്ന് നിർബന്ധം. കേസു കിട്ടാതായാൽ കള്ളക്കേസ് ചുമത്താൻ നിർബന്ധിതരാകുന്നു. ലീവ് ചോദിച്ചാൽ എത്ര ലഹരിക്കേസ് എടുത്തെന്നാണ് മറുചോദ്യം. സിഗരറ്റ് വലിക്കാരെ വരെ പിടിച്ച് കഞ്ചാവ് കേസ് എടുക്കേണ്ടി വരുന്നു. കീഴുദ്യോഗസ്ഥർ ടാർഗറ്റ് തികച്ചാൽ നേട്ടം ജില്ലാ പോലീസ് മേധാവിമാർക്കാണ്. ഡി.വൈ.എസ്.പിമാർ മുതൽ താഴോട്ട് സ്വാതന്ത്ര്യം ഇല്ലെന്നും പോസ്റ്റിൽ പറയുന്നു.

Post a Comment

0 Comments