banner

ഗവര്‍ണര്‍ക്ക് മനോനില തെറ്റിയത് പോലെ, ചികിത്സ നാഗ്പൂരില്‍ നിന്ന് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കുമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനോനിലയ്ക്ക് തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതുമെന്ന് എസ്.എഫ്.ഐ. ചാന്‍സലര്‍ക്ക് ആവശ്യമായ ചികിത്സ നാഗ്പൂരില്‍ നിന്ന് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ഏര്‍പ്പാടാക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പറഞ്ഞു.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെങ്കില്‍ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആര്‍ഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ നോമിനികളെ തിരുകി കയറ്റി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കാവിയില്‍ മുക്കാനുള്ള അജണ്ടയാണ് ഗവര്‍ണര്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ലെന്നും ആര്‍ഷോ പറഞ്ഞു.

ഫെഡറല്‍ ജനാധിപത്യത്തില്‍ ജനായത്ത ഭരണകൂടത്തിന് മുകളില്‍ ഗവര്‍ണര്‍ എന്ന റബ്ബര്‍ സ്ഥാനം തന്നെ അനുചിതമാണ്. പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമ നിര്‍മാണം നടക്കുന്നുണ്ട്. കേരളത്തിലും ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിര്‍മാണം ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments