താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നു തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. പാര്‍ട്ടിയെ നയിക്കാൻ യുവ നേതൃത്വം വരണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടതു മുന്നണിയിലായിരുന്നപ്പോൾ സഹകരണ ബാങ്കുകളിലടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ആർഎസ്പിയുടെ ആസ്ഥാന കേന്ദ്രമായ കൊല്ലത്തും ചവറയിലും പാർട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചതും നിയമസഭയിലെ പ്രാതിനിധ്യം ഇല്ലായ്മയും മുന്നണി മാറ്റത്തിന് ശേഷമാണെന്നാണ് പ്രവർത്തകരുടെ വികാരം. കൂടുതൽ യുവാക്കളെ നേതൃനിരയിൽ കൊണ്ടുവരാൻ സീനിയർ നേതാക്കൾ താത്പര്യം കാണിക്കുന്നുമില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം ആർഎസ്‌പി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോൺ ഉദ്‌ഘാടനംചെയ്‌തു. പ്രധാനമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്‌ചചെയ്‌ത് കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുക്കണമെന്ന് ഷിബു ബേബിജോൺ പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയുടെയും മോദിയുടെയും പതനം ഉറപ്പാണെന്നും ഷിബു ബേബിജോൺ പറഞ്ഞു.
കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബാബു ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ അസീസ് പതാക ഉയർത്തി. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ, ഇല്ലിക്കൽ അഗസ്‌തി എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് റിപ്പോർട്ടിലും രാഷ്‌ട്രീയ പ്രമേയത്തിലും ചർച്ച നടക്കും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
0 Comments