Latest Posts

‘സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കും'; ചിരിച്ചുചിരിച്ച് വയറുളുക്കിയെന്ന് ബെന്യാമിൻ

കൊച്ചി : ബേസില്‍ ജോസഫും ദര്‍ശനും നായികാനായകന്‍മാരായി അഭിനയിക്കുന്ന ജയ ജയ ജയ ജയഹേ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ചിരിവിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍. സിനിമ കണ്ട് താന്‍ ഒരുപാട് ചിരിച്ചുവെന്നും അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു സിനിമ കണ്ടിട്ടില്ലെന്നും ബെന്യാമിന്‍ പറഞ്ഞു. താന്‍ ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

‘ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും? എന്തായാലും തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍’ ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

0 Comments

Headline