banner

സന്ദീപ് വാര്യർക്കെതിരെ നടപടി സ്വീകരിച്ച് ബിജെപി; പിന്നിൽ സാമ്പത്തിക ക്രമക്കേടെന്ന് സൂചന

കോട്ടയം : സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ സാമ്പത്തിക ക്രമക്കേടുകളെന്ന് സൂചന. സന്ദീപിനെതിരായ നടപടിക്ക് പിന്നിൽ സംഘടനാപരമായ പ്രശ്നമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരിച്ചെങ്കിലും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചാണ് നടപടിയെന്നാണ് വിവരം.

കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സന്ദീപ് എത്തിയെങ്കിലും നേതൃത്വം അനുവദിച്ചില്ല. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് തന്നെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ധാരണ. തിങ്കളാഴ്ച രാവിലെ കോട്ടയത്ത് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതോടെ യുവമോർ‌ച്ച, പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന ഭാരവാഹിത്വം വഹിച്ച് പാർട്ടി വക്താവായി, ചാനലുകളിലും വേദികളിലും നിറഞ്ഞ സന്ദീപ് വാര്യർ പാർട്ടിയിലെ സാധാരണ അംഗം മാത്രമായി. എന്നാൽ, ഈ നടപടി സംസ്ഥാനസമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്തില്ല.



പുതിയ സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കറിനെയും സഹപ്രഭാരി ഡോ രാധാമോഹന്ദാസ് അഗർവാളിനെയും പരിചയപ്പെടുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. നേരത്തെ പാർട്ടിയുടെ പേരിൽ പണം വാങ്ങിയതായി സന്ദീപിനെതിരെ നേതൃത്വത്തിന് ചില പരാതികൾ ലഭിച്ചിരുന്നു. എന്നാൽ അവയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണമാണെന്നായിരുന്നു മറുപടി.

Post a Comment

0 Comments