banner

ബിജെപിക്കെതിരെ ഐക്യത്തിന് സിപിഐ പാർട്ടി കോൺഗ്രസിൽ ആഹ്വാനം

ന്യൂ ഡൽഹി : സിപിഐ പാര്‍ട്ടി കോൺ‍ഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അതേസമയം പാർട്ടി കോൺഗ്രസിൽ പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനിച്ചാൽ മുതിർന്ന നേതാക്കളെ ഉന്നതാധികാര സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താനാണ് ആലോചന.

പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനം പാർട്ടി പതാകയ്ക്കൊപ്പം ദേശീയപതാകയും ഉയർത്തിക്കൊണ്ടാണ് ആരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനി എട്ടുകുറി കൃഷ്ണമൂർത്തി ദേശീയ പതാക ഉയർത്തിയപ്പോൾ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പാർട്ടി പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി രാജ മോദി സർക്കാരിനെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിക്കെതിരെ ഇടതുപക്ഷ ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ഉണ്ടാകണമെന്നും രാജ പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും ആർഎസ്എസും നിരന്തരം ശ്രമിക്കുന്നുവെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. രാജയ്ക്കൊപ്പം ഐക്യം വേണമെന്ന ആവശ്യം യെച്ചൂരിയും ഉന്നയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിനുള്ള താൽക്കാലിക ഐക്യം മാത്രമായി ഒതുങ്ങരുതെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ പറഞ്ഞു. 

Post a Comment

0 Comments