banner

രാജ്യത്ത് ജനിക്കുന്ന ഓരോ പതിനായിരം കുട്ടികളിലും ആറ് പേർക്ക് തിമിരം; കുട്ടികളിലെ തിമിര ലക്ഷണങ്ങൾ എങ്ങനെ കണ്ടെത്താം?

ഇന്ത്യയില്‍ (India) ജനിക്കുന്ന ഓരോ 10,000 കുട്ടികളിലും ആറ് പേര്‍ വീതം തിമിരം (cataract) ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍. നിരവധി കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ (kids) തിമിരം ഉണ്ടാകുന്നത് വര്‍ധിച്ചു വരികയാണെന്നും ഡോക്ടമാര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണിനുള്ളിലെ സ്വാഭാവിക ലെന്‍സിന്റെ സുതാര്യതയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് തിമിരം. നേത്രരോഗ വിദഗ്ധരുടെ അഭിപ്രായത്തില്‍, കുട്ടികളില്‍ തിമിരം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്.

''നവജാത ശിശുക്കളില്‍ ജന്മനാ തന്നെ തിമിരം കാണാറുണ്ട്. ഇത് അമ്മയില്‍ നിന്നുണ്ടാകുന്ന അണുബാധകളുമായോ ഡൗണ്‍ സിന്‍ഡ്രോം പോലുള്ള മറ്റ് പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു, '' ഹൈദരാബാദിലെ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധനായ ഡോ. സത്യ പ്രസാദ് ബാല്‍ക്കി പറഞ്ഞു.

'10 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച്, നല്ല ഗര്‍ഭകാല പരിചരണം, മാതൃ അണുബാധകളുടെ കുറവ്, വൃത്തിയുള്ള പ്രസവ രീതികള്‍ എന്നിവ കാരണം ഗ്രാമപ്രദേശങ്ങളിലെ തിമിര കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. നഗര പ്രദേശങ്ങളില്‍ സ്റ്റിറോയിഡിന്റെ അമിതോപയോഗം, ജനിതക വ്യതിയാനങ്ങള്‍, മെറ്റബോളിക് ഡിസോര്‍ഡര്‍, അകാല ജനനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം ഇത്തരം കേസുകള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.

'' ഏകദേശം 5 വര്‍ഷം മുമ്പ് ഞാന്‍ ഒരു നഗരത്തില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത്, ഒരു വര്‍ഷത്തില്‍ ഏകദേശം 6-7 തിമിര കേസുകള്‍ കണ്ടിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 10-15 കേസുകളാണ് വരുന്നത്. കേസുകളുടെ എണ്ണം അത്ര വലുതല്ലെങ്കിലും, കുട്ടികളിലെ തിമിരത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് അവരുടെ ഭാവിയെ ബാധിച്ചേക്കാം, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളിലെ തിമിരമാണ് ഇന്ത്യയില്‍ ബാല്യകാല അന്ധതയ്ക്ക് പ്രധാന കാരണമെന്ന് നോയിഡയിലെ ഐകെആര്‍ ഐ ഹോസ്പിറ്റലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ സൗരഭ് ചൗധരി പറഞ്ഞു. കുട്ടിക്കാലത്തെ അന്ധതയുടെ 15% കേസുകളും പാരമ്പര്യം മൂലമാണ്. ഇന്ത്യയില്‍ ഏകദേശം 3 - 3.5 ലക്ഷം അന്ധരായ കുട്ടികളുണ്ട്, അതില്‍ 15% തിമിരം മൂലമാണ് ഉണ്ടാകുന്നതെന്ന് കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

ലോകമെമ്പാടുമുള്ള 2 ലക്ഷം കുട്ടികള്‍ തിമിരം മൂലം കാഴ്ച്ച ശക്തിയില്ലാത്തവരാണെന്നും, ഓരോ വര്‍ഷവും ഈ അവസ്ഥയുള്ള 20,000-40,000 കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും ഫരീദാബാദിലെ അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ അമൃത കപൂര്‍ ചതുര്‍വേദി പറയുന്നു. കുട്ടികളുടെ പതിവ് നേത്ര പരിശോധനയ്ക്കിടയിലോ അല്ലെങ്കില്‍ മാതാപിതാക്കള്‍ അവരുടെ കണ്ണുകളിലെ വെളുത്ത നിറത്തിലുള്ള തിളക്കം ശ്രദ്ധിക്കുമ്പോഴാ ആണ് കുട്ടികളിലെ തിമിരത്തിന്റെ മിക്ക കേസുകളും അറിയുന്നത്. കാരണം കുട്ടികള്‍ക്ക് അവരുടെ കാഴ്ച കുറയുന്നത് മനസ്സിലാക്കാന്‍ സാധിക്കില്ല. പരിശീലന സമയത്ത് പരിശോധിക്കുന്ന ഓരോ 1,000 കുട്ടികളിലും ഒന്നോ രണ്ടോ പേരില്‍ തിമിരം കാണാറുണ്ടെന്നും ചതുര്‍വേദി പറഞ്ഞു.

ബാല്യകാല മരണനിരക്ക് കുറയുന്നുണ്ടെന്നും മുന്‍പത്തെ അപേക്ഷിച്ച് മാസം തികയാതെ ജനിക്കുന്ന ധാരാളം കുഞ്ഞുങ്ങള്‍ അതിജീവിക്കുന്നുണ്ടെന്നും ICAREല്‍ നിന്നുള്ള ചൗധരി പറയുന്നു. കുട്ടികളില്‍ ആസ്ത്മ കേസുകളും വര്‍ധിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും സ്റ്റിറോയിഡുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്, ഇത് തിമിരത്തിന് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.

കാരണങ്ങള്‍:

കുട്ടികളില്‍ രണ്ട് തരത്തിലുള്ള തിമിരമാണുള്ളത്. ഒന്ന് ജനിക്കുമ്പോള്‍ തന്നെ ഉണ്ടാകുന്നതും രണ്ടാമത്തേത് പിന്നീട് ബാധിക്കുന്നതും. കുടുംബത്തിൽ ആർക്കെങ്കിലും തിമിരമുണ്ടെങ്കിൽ ജന്മനാ തിമിരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനിതക കാരണങ്ങളാലും ഈ തിമിരം ഉണ്ടാകാം.

ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് അഞ്ചാംപനി പോലുള്ള അണുബാധകള്‍ ഉണ്ടാകുമ്പോഴും ജന്മനാ ഉള്ള തിമിരം ഉണ്ടാകാം. പോഷകാഹാരക്കുറവ്, മെറ്റബോളിക് പ്രശ്‌നങ്ങള്‍, ഗര്‍ഭകാല പ്രമേഹം, അമ്മയില്‍ ഉണ്ടാകുന്ന മരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയും ഇതിന് കാരണമാകാം.

കൂടാതെ, ഗര്‍ഭാവസ്ഥയിലിരിക്കുന്ന അമ്മയ്‌ക്കോ പ്രസവശേഷം കുട്ടിയ്‌ക്കോ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് തിമിരത്തിന് കാരണമാകും. സ്റ്റിറോയിഡിന്റെ അമിത ഉപയോഗം, ട്രോമ, കണ്‍ജെനിറ്റല്‍ ഗ്ലോക്കോമ, റെറ്റിന ശസ്ത്രക്രിയ എന്നിവയാണ് കുട്ടികളിലെ തിമിരത്തിന്റെ മറ്റ് കാരണങ്ങള്‍.

ചില തിമിരങ്ങള്‍ മറ്റ് രോഗങ്ങൾക്കുള്ള നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷവും അല്ലെങ്കില്‍ കണ്ണിന് പരിക്കേറ്റതിന്റെ ഫലമായും ഉണ്ടാകുന്നു. കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ്, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കാരണം കുട്ടികള്‍ക്ക് ജനനശേഷം തിമിരം വരാന്‍ സാധ്യതയുണ്ടെന്ന് ചതുര്‍വേദി പറഞ്ഞു.

രോഗനിര്‍ണയം:

കാഴ്ചക്കുറവ്, വസ്തുക്കളെ തിരിച്ചറിയാതിരിക്കുക, കണ്ണിന്റെ മധ്യഭാഗത്തെ വെളുത്ത പാടുകള്‍, പഠനത്തില്‍ ശ്രദ്ധിക്കാതെ വരിക തുടങ്ങിയ ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരുമാണ്.

കുട്ടിക്കാലത്തെ തിമിരത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'ചിലര്‍ക്ക് ഒരു കണ്ണിലോ അല്ലെങ്കില്‍ രണ്ട് കണ്ണിലുമോ തിമിരം ബാധിക്കാം. ചിലപ്പോള്‍ കുട്ടികളുടെ കണ്ണുകളുടെ കറുത്ത ഭാഗങ്ങളില്‍ ഒരു വെളുത്ത കുത്ത് കാണാമെന്ന് ഐ ഹെൽത്ത് ആൻഡ് ഹെൽത്ത് സിസ്റ്റം സ്ട്രെങ്തനിംഗ്, സ്ലൈറ്റ് സേവേഴ്സ് ഇന്ത്യ (eye health & health system strengthening, slight savers india) ടെക്‌നിക്കല്‍ ലീഡ് ഡോ സന്ദീപ് ബട്ടന്‍ പറഞ്ഞു.

മാതാപിതാക്കള്‍ക്ക് ഇത് എളുപ്പത്തില്‍ കണ്ടെത്താനും കുട്ടികളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിക്കാനും കഴിയുമെന്നും ബട്ടന്‍ പറഞ്ഞു. ചില കുട്ടികളില്‍ കാഴ്ച മങ്ങുക, പ്രകാശത്തിന് ചുറ്റും വലയങ്ങള്‍ കാണുക, പ്രകാശത്തോടുള്ള സെന്‍സിറ്റിവിറ്റി എന്നിവ കാണാം. ഇത്തരം തിമിരത്തിന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. ഇത് നേരത്തേ കണ്ടെത്താനായില്ലെങ്കില്‍ കൗമാരപ്രായം വരെ തുടരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചികിത്സ:

തിമിരത്തിന് എത്രയും പെട്ടെന്ന് ചികിത്സ നല്‍കേണ്ടത് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലതാമസം നേരിടുകയാണെങ്കില്‍ കുട്ടികളില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം.

കുട്ടിയ്ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍, പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ചികിത്സയെ സ്വാധീനിക്കുമെന്നും ചില സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് കണ്ണടയോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ആവശ്യമായി വരുമെന്നും ഗുരുഗ്രാമിലെ നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. ദിഗ്വിജയ് സിംഗ് പറഞ്ഞു. തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ 1000 കുട്ടികളില്‍ ഒരാള്‍ക്ക് ഈ അവസ്ഥ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിമിര ശസ്ത്രക്രിയയ്ക്കു ശേഷം, ഗ്ലാസുകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഒക്ലൂഷന്‍ തെറാപ്പി എന്നിവ കുട്ടിക്ക് സഹായകരമാണെന്നും വിദഗ്ധര്‍ പറഞ്ഞു. തിമിരമുള്ള നവജാതശിശുവിന് 6 ആഴ്ച മുതല്‍ 6 മാസം വരെയുള്ള പ്രായമാണ് ശസ്ത്രക്രിയ നടത്താനുള്ള ഏറ്റവും നല്ല സമയമെന്ന് ICARE -യിലെ ഡോ. ചൗധരി പറയുന്നു

വെല്ലുവിളികള്‍:

കുട്ടികള്‍ക്കുള്ള തിമിര ശസ്ത്രക്രിയയില്‍ ധാരാളം വെല്ലുവിളികളുണ്ട്. കുട്ടിയുടെ കണ്ണുകള്‍ ചെറുതാണെന്നും പൂര്‍ണമായി വികസിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളിലെ തിമിര ശസ്ത്രക്രിയ മതിയായ പരിചയമുള്ള ഒരു സര്‍ജനെക്കൊണ്ട് മാത്രമേ ചെയ്യിപ്പിക്കാവൂ.

ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണില്‍ വീക്കമുണ്ടാകുന്നതും കുട്ടി കണ്ണ് തിരുമ്മുന്നത് മൂലമുള്ള പരിക്കുകള്‍ ഇല്ലാതാക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. കൂടാതെ, കുട്ടിയില്‍ ഗ്ലോക്കോമയിലേക്ക് നയിക്കുന്ന ഇന്‍ട്രാക്യുലര്‍ പ്രഷര്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

Post a Comment

0 Comments