banner

സിവിക് ചന്ദ്രൻ ഈ മാസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം : ദളിത് യുവതിക്കെതിരെ ലൈം​ഗിക പീഡനം നടത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ 25 ന് ഹാജരാകുമെന്ന് അഭിഭാഷകർ മുഖേന സിവിക് ചന്ദ്രൻ പോലീസിനെ അറിയിച്ചു. ഇയാളുടെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അം​ഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.

Post a Comment

0 Comments