കോട്ടയം : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒരു കേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമങ്ങളിലായതിനാലാണ് പൊതുപരിപാടികളിലെ തന്റെ സാന്നിദ്ധ്യം കുറഞ്ഞതെന്ന് വിശദീകരിച്ച് ജോസ് കെ മാണി. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചത് തുടരുന്നതിനുള്ള അവസരം തേടിയാണ് തങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമായത്. കോട്ടയത്തും ഇടുക്കിയിലും എല്‍ഡിഎഫ് നേരത്തെ വിജയിക്കാത്തിടത്ത് വിജയിച്ചു. ഇപ്പോള്‍ കോട്ടയത്തെ 70% പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ തങ്ങള്‍ എല്ലാ ജില്ലകളിലും മത്സരിച്ചു. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കലും നടക്കാത്തതായിരുന്നു അത്. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായില്‍ താന്‍ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെ ഉണ്ടായിരുന്നുള്ളൂ മണ്ഡലം. ആ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തി. അത് കഴിഞ്ഞ് കുറച്ചു കഴിയുമ്പോഴേക്കും അതേ സ്ഥാനാര്‍ത്ഥി മറുവശത്തും ഇടതുമുന്നണി തനിക്ക് വേണ്ടിയും പ്രചരണം നടത്തി. മാത്രമല്ല പാലായില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
0 Comments