banner

കള്ളനോട്ട് വിതരണം: 26കാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൊച്ചി : കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസില്‍ നാലു പേര്‍ പിടിയില്‍. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലുക്കാരന്‍ ജോഷി (51), നായത്തോട് കോട്ടയ്ക്കല്‍ വീട്ടില്‍ ജിന്റോ (37), കാഞ്ഞൂര്‍ തെക്കന്‍വീട്ടില്‍ ജോസ് (48), മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ അജിത് (26) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 

ഇവരില്‍ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും പിടികൂടി. അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടര്‍,  പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിംഗ് പേപ്പര്‍, ഭാഗികമായ് പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവയും കണ്ടെടുത്തു. 

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി മാരായ പി പി ഷംസ്. പി കെ ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ്‌ഐമാരായ എല്‍ദോ പോള്‍, ഷെഫിന്‍, സുരേഷ് കുമാര്‍, എഎസ്‌ഐമാരായ സുരേഷ്, റജിമോന്‍, എസ്‌സിപിഒ സലിന്‍ കുമാര്‍, സിപിഒ മാരായ പ്രഭ, രജനി, അജിത എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി വിവേക് കുമാര്‍ പറഞ്ഞു.

Post a Comment

0 Comments