banner

യുക്രെയ്നിലെ ഇന്‍റർനെറ്റ് സേവനം ഉടൻ നിലച്ചേക്കാം?; ചെലവ് താങ്ങാനാകുന്നില്ലെന്ന് ഇലോൺ മസ്ക്

റഷ്യ യുക്രെയ്ൻ അധിനിവേശത്തിന് തുടക്കമിട്ട സമയത്ത് ലോകകോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഒരു നടപടി വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രെയ്നിൽ തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി തടസമില്ലാത്ത ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുമെന്നായിരുന്നു മസ്കിന്‍റെ പ്രഖ്യാപനം. ഗതാഗത-ആശയവിനിമയ സംവിധാനങ്ങൾ തകർന്നുകൊണ്ടിരുന്ന യുക്രെയ്നിൽ സ്റ്റാർലിങ്ക് വഴിയുള്ള ഇന്‍റർനെറ്റ് സേവനം ഏറെ ആശ്വാസം നൽകിയിരുന്നു.

എന്നാൽ, യുക്രെയ്നിൽ ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിന്‍റെ ചെലവ് ഇനിയും തങ്ങൾക്ക് വഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്ക്. ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് ഇന്‍റർനെറ്റ് സേവനം നൽകുക വഴി തങ്ങൾക്കുണ്ടായതെന്ന് മസ്ക് ട്വീറ്റിൽ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ അത് 100 ദശലക്ഷം ഡോളറായി ഉയരും.

യുക്രെയ്നിൽ ഇന്‍റർനെറ്റ് സേവനം നൽകുന്നതിന്‍റെ ചെലവ് യു.എസ് സൈന്യം ഏറ്റെടുക്കണമെന്നാണ് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം പെന്‍റഗണിന് സ്പേസ് എക്സ് കത്ത് നൽകിയിട്ടുണ്ട്. ഈ വർഷം 120 ദശലക്ഷം ഡോളറും വരുംവർഷങ്ങളിലെ കൂടി ചേർത്ത് 400 ദശലക്ഷം ഡോളറും ചെലവ് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഒരാഴ്ച മുമ്പ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി മസ്ക് ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിതപരിശോധനയിലൂടെ കാര്യങ്ങൾ തീരുമാനിക്കണമെന്നാണ് മസ്കിന്‍റെ നിർദേശം. ഇക്കൂട്ടത്തിൽ, റഷ്യ നേരത്തെ കൈയടക്കിയ ക്രൈമിയയിലും ഇപ്പോൾ കൈയടക്കിയ ഡോൺബാസ് മേഖലയിലും താമസിക്കുന്നവർക്ക് റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണമെന്നും മസ്ക് അഭിപ്രായപ്പെട്ടു. ഇതോടെ വൻ വിമർശനമാണ് ഉയർന്നത്.

മസ്കിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയും രംഗത്തെത്തി. 'യുക്രെയ്നെ പിന്തുണയ്ക്കുന്ന ആൾ, റഷ്യയെ പിന്തുണയ്ക്കുന്ന ആൾ: ഏതു മസ്കിനെയാണ് കൂടുതൽ ഇഷ്ടം?' എന്ന ചോദ്യത്തിന് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു സെലെൻസ്കിയുടെ പരിഹാസ രൂപേണയുള്ള ട്വീറ്റ്.

യുദ്ധത്തിൽ യുക്രെയ്‌നു വിജയം സാധ്യമല്ലെന്നും നിങ്ങൾക്ക് യുക്രെയ്‌നിലെ ജനങ്ങളെക്കുറിച്ച് കരുതലുണ്ടെങ്കിൽ സമാധാനം ഉറപ്പാക്കണമെന്നുമാണ് മസ്ക് സെലൻസ്കിക്ക് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്‍റർനെറ്റ് സേവനം അവസാനിപ്പിക്കാനായി മസ്ക് ആലോചിക്കുന്നത്. 

Post a Comment

0 Comments