banner

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എ അച്യുതന്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും എന്‍ജിനീയറും ആയിരുന്ന ഡോ എ. അച്യുതന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ന്യൂ മോണിയ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളാ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഡോ എ. അച്യുതന്‍ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ശാസ്ത്രീയ മഴവെള്ള സംഭരണത്തിന് പദ്ധതി ആവിഷ്‌കരിച്ച വിദഗ്ദന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ഡോ എ. അച്യുതന്‍ പ്രകൃതി സൗഹൃദ ഓടകളും വിഭാവനം ചെയ്തിട്ടുണ്ട്. എന്‍ഡോ സള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്‍, പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: സുലോചന. മക്കള്‍: ഡോ. അരുണ്‍ (കാനഡയില്‍ വിഎല്‍എസ്ഐ ഡിസൈന്‍ എന്‍ജിനീയര്‍), ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പാത്തോളജി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍). സഹോദരങ്ങള്‍ സത്യഭാമ (തൃശൂര്‍), ഡോ. എ ഉണ്ണികൃഷ്ണന്‍ ( നാഷനല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടര്‍).

Post a Comment

0 Comments