banner

മൂന്നരക്കോടിയുടെ സ്വർണ്ണവുമായി നാല് പേരെ പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം പിടികൂടി. 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്പൈസ് ജെറ്റ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് സഫ്വാനിൽനിന്ന് 4 ക്യാപ്സ്യൂളുകളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 1175 ഗ്രാം സ്വർണസംയുക്തമാണ് കണ്ടെടുത്തത്. സ്പൈസ് ജെറ്റിന്റെ ഷാർജ -കോഴിക്കോട് വിമാനത്തിലെത്തിയ അൻവർ സാദിഖിൽനിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ 1131 ഗ്രാം സ്വർണ സംയുക്തമാണ് കണ്ടെടുത്തത്. ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനത്തിലെത്തിയ അർഷാദ് ഇറയിൽ നിന്ന് 4 ക്യാപ്സ്യൂളുകളിലായി 1080 ഗ്രാം സ്വർണ മിശ്രിതം മലദ്വാരത്തിൽ ആണ് കണ്ടെടുത്തത്.

ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.

Post a Comment

0 Comments