പ്രകടനപത്രികയിലും പ്രചാരണത്തിലും മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെങ്ങനെ, അതിനുള്ള സാമ്പത്തികം കണ്ടെത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഉത്തരം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച ആധികാരിക നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക് കത്തുനൽകി. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് നടപ്പിലാക്കാനാവശ്യമായ തുകയുടെ വിശദാംശങ്ങൾ ഉൾപ്പെടെ നൽകണമെന്നാണ് നിർദേശത്തിലെ പ്രധാനപ്പെട്ട കാര്യം.
ഉദാഹരണത്തിന് കാർഷിക ലോൺ എഴുതി തള്ളുന്നത് പോലുള്ള വാഗ്ദാനമാണ് ഒരു രാഷ്ട്രീയ പാർട്ടി നൽകുന്നതെങ്കിൽ എല്ലാ കർഷകർക്കും ഗുണം ലഭിക്കുമോ, ഇതിനായി എത്ര തുക വേണ്ടി വരും. ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരിക എന്നിവ സംബന്ധിച്ച വിശദാംശങ്ങളും നൽകണം.
വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് എങ്ങനെ നടപ്പിലാക്കപ്പെടുമെന്ന് അറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നത് കൂടി പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. തെരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വാഗ്ദാനങ്ങൾ നൽകുന്നതിൽ രാഷ്ട്രീയ പാർട്ടികളെ തടയാനാകില്ലെന്നാണ് മുൻപ് കോടതി അഭിപ്രായപ്പെട്ടത്.
0 Comments