banner

നരബലി കേസും, ഷാരോണ്‍ വധക്കേസും; കേരളത്തിലെ അന്ധവിശ്വാസ കൊലപാതകങ്ങളില്‍ ആര്‍ട്ടിക്കിള്‍ 161 ഗവര്‍ണർ പ്രയോഗിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

കേരളത്തിലെ രണ്ട് അന്ധവിശ്വാസ കൊലപാതകങ്ങളില്‍ ഗവര്‍ണറുടെ നടപടി ആവശ്യപ്പെട്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണമെന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ ആവശ്യം. പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്ന് പുറത്തുവന്നതോടെയാണ് സംവിധായകന്റെ പ്രതികരണം.

നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് സംവിധായകന്‍ അഭ്യാര്‍ത്ഥിക്കുന്നത്.

ഷാരോണ്‍ വധകേസും നരബലി കേസും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പോലീസ് പറയുന്നുണ്ടെന്നും വിഷയത്തില്‍ ഗവര്‍ണര്‍ ശിക്ഷ ഉറപ്പാക്കണമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ആവശ്‌പ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത് ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ടെന്നും അദ്ദേഹം കുറിച്ചു.

പാറശാല സ്വദേശിയായ വിദ്യാര്‍ത്ഥിയായ 23കാരന്‍ ഷാരോണ്‍ രാജ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. വീട്ടിലെത്തിയ ഷാരോണിന് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. ഷാരോണിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് ഗ്രീഷമ കുറ്റസമ്മതം നടത്തിയത്.

യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും ഭാവ വ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയതും ബന്ധുക്കള്‍ക്ക് ഞെട്ടലായിരിക്കുകയാണ്. ആശുപത്രിയില്‍ അവശനിലയില്‍ കിടക്കുമ്പോഴും അവള്‍ വിഷം നല്‍കില്ലെന്നും വഞ്ചിക്കില്ലെന്നും ഷാരോണ്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.

അനിശ്ചിതത്വത്തിനുമൊടുവില്‍ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്ത് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments