banner

പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം; നാലംഗ സംഘം അറസ്റ്റിൽ

എറണാകുളം : പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാലംഗ സംഘം അറസ്റ്റിൽ . മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടൻ വീട്ടിൽ അൻസാർ മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ്, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടിൽ രാജൻ, എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട്ലറ്റിന് സമീപത്താണ് തിങ്കളാഴ്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ട് അതിഥി തൊഴിലാളികളുടെ പണമടങ്ങുന്ന പഴ്‌സും, മൊബൈൽ ഫോണുകളുമാണ് പോലീസ് എന്ന വ്യാജേന സംഘം തട്ടിയെടുത്തത്. പ്രതികളിൽ ഒരാളായ രാജൻ ആക്രമണക്കേസിലെ പ്രതിയാണ്. മറ്റൊരാളായ സുൽഫിക്കർ മയക്ക് മരുന്നുൾപ്പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.

ഇതിന് പുറമെ വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി . കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ വ്യാജമായി നിർമ്മിച്ചു. കഴിഞ്ഞ 5 വർഷമായി തട്ടിപ്പു നടത്തുന്ന ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് ബാലസുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. നാട്ടുകാരെ മാത്രമല്ല ബാങ്കുകളിലും ഇയാൾ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി.

പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കടം മേടിച്ച പണം ആർക്കും തിരിച്ചു കൊടുക്കുന്ന പതിവ് സുബ്രഹ്മണ്യനില്ല.

Post a Comment

0 Comments