പത്തനംതിട്ട : ഇലന്തൂരിലെ നരബലിക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തിരോധാന കേസുകൾ പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളും പുനഃപരിശോധിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
എറണാകുളം ജില്ലാ പരിധിയിൽ വാടകവീട്ടിൽ താമസിച്ചിരുന്നവരാണ് മനുഷ്യബലിക്ക് ഇരയായവർ. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു ജില്ലകളിലെയും കേസുകൾ വീണ്ടും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. അജ്ഞാത മൃതദേഹം കണ്ടെത്തുകയും സ്ത്രീകളെ കാണാതാകുകയും ചെയ്ത കേസുകളുടെ അന്വേഷണവും ഇതിൽ ഉൾപ്പെടുന്നു.
പത്തനംതിട്ടയിലെ 12 കേസുകളിൽ മൂന്നെണ്ണം ആറൻമുള സ്റ്റേഷൻ പരിധിയിലാണ്, ഇതിൽ മനുഷ്യബലി നടന്ന ഇലന്തൂർ പ്രദേശം ഉൾപ്പെടുന്നു. രണ്ട് മനുഷ്യബലികളും ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് നടന്നത്. കോതമംഗലത്ത് വ്യത്യസ്ത സമയങ്ങളിൽ മൂന്ന് സ്ത്രീകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം സ്തംഭിച്ച കേസുകൾ പുനഃപരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്.
0 Comments