കെനിയൻ പ്രസിഡന്റ് വില്യം റുട്ടോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ സുൽഫിഖർ ഖാൻ, മുഹമ്മദ് സായിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കെനിയൻ പോലീസിന്റെ പ്രത്യേക യൂണിറ്റ് ആയ ഡിസിഐ ആണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 4 പേർ പിടിയിലായിട്ടുണ്ട്. ബാലാജി ടെലിഫിലിംസിന്റെ മുൻ സിഒഒ ആണ് കൊല്ലപ്പെട്ട സുൽഫിഖർ ഖാൻ. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു മുഹമ്മദ് സായിദ്.
രണ്ട് മാസം മുമ്പാണ് കെനിയയിലെ നെയ്‌റോബിയിൽ നിന്ന് ഖാനെയും സായിദിനെയും കാണാതായത്. പ്രസിഡന്റ് വില്യം റൂട്ടോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി ടീമിൽ ചേരാൻ കെനിയയിൽ എത്തിയതായിരുന്നു ഖാനും സായിദും. ഇവരെ പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം തട്ടിക്കൊണ്ടുപോയതായും പിന്നീട് കൊലപ്പെടുത്തിയതായും കഴിഞ്ഞ ദിവസം വിവരം പുറത്തുവന്നിരുന്നു. ഇതോടെ ഡിസിഐ യൂണിറ്റിനെ പ്രസിഡന്റ് റുട്ടോ പിരിച്ചുവിട്ടു.
രാജ്യത്ത് റുട്ടോയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യംവെച്ച് ഡിസിഐ സംഘം ആക്രമണം നടത്തിയിരുന്നു. ഇത്തരക്കാരെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയുമാണ് ഡിസിഐ യൂണിറ്റ് ചെയ്തിരുന്നത്. പ്രസിഡന്റ് റുട്ടോയോടുള്ള എതിർപ്പാണ് ഇതിന് കാരണം. ഖാനിന്റെയും സായിദിന്റെയും കൊലപാതകത്തിന് കാരണമായതും ഇതുതന്നെയാണെന്നാണ് കരുതുന്നത്.
0 Comments