banner

ആറുവർഷത്തെ നിരീക്ഷണം; കൊലപാതകിയായ അന്യസംസ്ഥാന തൊഴിലാളിയെ കുടുക്കി കേരള പോലീസ്

തൃശൂര്‍ : കൊലപാതകം നടത്തി ഒളിവില്‍പോയ അന്യസംസ്ഥാനത്തൊഴിലാളിയെ ആറ് വര്‍ഷം നിരന്തരമായി അന്വേഷിച്ച് പിടികൂടി മാള പോലീസ്

തൃശൂര്‍ മാള പുത്തന്‍ചിറ പിണ്ടാണിയിലെ പുരുഷോത്തമന്‍ എന്നയാളുടെ വീട്ടില്‍ ജോലിക്കായി എത്തിയ അസം സ്വദേശികളായിരുന്നു ഉമാനന്ദ് നാഥ്, മനോജ് ബോറ എന്നിവര്‍. 2016 മെയ് പത്തിന് രാത്രി ഉമാനന്ദ് നാഥിനെ പുരുഷോത്തമന്‍റെ വീടിന് സമീപത്തെ പറമ്പില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന മനോജ് ബോറ ഒളിവില്‍ പോയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ആസ്സാമിലെത്തി ബന്ധുക്കളുടെ ബ്ലഡ് സാംപിള്‍ എടുത്ത് ഡി.എന്‍.എ പരിശോധനയുള്‍പ്പെടെ നടത്തി പ്രതി മനോജ് ബോറ തന്നെയാണെന്ന് ഉറപ്പിച്ചു.

മനോജ് ബോറയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ചെന്നൈയിലും മറ്റും ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, മരണപ്പെട്ട ഉമാനന്ദിന്‍റെ മൊബൈല്‍ ഫോണ്‍ അസമിലെ ബിശ്വനാഥ് ജില്ലയില്‍ ഒരു സ്ത്രീ ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഇവരുടെ കാമുകനാണ് ഇവര്‍ക്ക് ഫോണ്‍ കൈമാറിയത്. ബാംഗ്ലൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ തന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനാണ് മനോജ് ബോറയെന്ന് ഇയാള്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താനായി കേരള പോലീസ് നാലുതവണ അസമില്‍ പോയെങ്കിലും പരാജയപ്പെടുകയായിരുന്നു. മനോജ് ബോറയുടെ ആറ് സഹോദരീ സഹോദരന്‍മാരുടെയും ഒരു വര്‍ഷത്തെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കവെ ഇയാളുടെ സഹോദരനായ സീമന്ത് ബോറയുടെ നമ്പറിലേക്ക് കോട്ടയത്തെ ഒരു കടയില്‍ നിന്ന് 2016 ജൂലൈയില്‍ എടുത്ത ഒരു സിംകാര്‍ഡില്‍ നിന്ന് സ്ഥരിമായി കോളുകള്‍ വരുന്നതായി കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.

കൊലപാതകം നടന്ന് രണ്ട് മാസത്തിന് ശേഷം കോട്ടയത്ത് നിന്ന് സിം കാര്‍ഡ് എടുത്തിരുന്നതിനാല്‍ ഇയാള്‍ കേരളത്തില്‍ തുടരാനുളള സാധ്യത പോലീസ് മനസിലാക്കി കൊടുങ്ങല്ലൂര്‍, പാലക്കാട് ഭാഗങ്ങളില്‍ അന്വേഷിച്ചെത്തിയെങ്കിലും കൊടുങ്ങല്ലൂരില്‍ കളളപ്പേരില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ ഒരിടത്തും ഉപയോഗിക്കാതെയും കെ.വൈ.സി രേഖകള്‍ അപ്ഡേറ്റ് ചെയ്യാതെയും ബുദ്ധിപൂര്‍വ്വം വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മനോജ് ബോറയെ കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയായി. ഇതിനായി 2021 ല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

സംസ്ഥാനത്താകമാനം ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ലിസ്റ്റ്, ആവാസ് പോര്‍ട്ടലിലെ വിവരങ്ങള്‍, ക്രൈം ഇന്‍ ഇന്ത്യ പോര്‍ട്ടല്‍ എന്നിവ പരിശോധിച്ച് വിശദമായ അന്വേഷണം തുടര്‍ന്നു. 2016 ല്‍ അസമിലെ ബിശ്വനാഥ് ചരിയിലെ ബാങ്കില്‍ നല്‍കിയിരുന്ന മനോജ് ബോറയുടെ അതേ പാന്‍ നമ്പര്‍ ഉപയോഗിച്ച് മാളയിലെ ബ്രാഞ്ചില്‍ തുടങ്ങിയിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് 2020, 2021 വര്‍ഷങ്ങളില്‍ പണം നിക്ഷേപിച്ചതായും ഉടനടി പിന്‍വലിച്ചതായും കണ്ടെത്തി. ആറ് തവണ മാത്രം പണമിടപാട് നടന്ന ഈ ബാങ്ക് അക്കൗണ്ടും അതില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരും പിന്തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ പ്രവര്‍ത്തനരഹിതമായ ഫോണ്‍ നമ്പരായിരുന്നു അക്കൗണ്ടില്‍ നല്‍കിയിരുന്നത്.

അടുത്ത ബന്ധുക്കളുടേത് ഉള്‍പ്പെടെ ശേഖരിച്ച 105 ഫോണ്‍നമ്പറുകള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്, സ്ഥിരമായി വിളിക്കുന്നത് എന്നിങ്ങനെ തരം തിരിച്ച് പോലീസ് നിരന്തര നിരീക്ഷണം തുടര്‍ന്നു. ഇതില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരുന്ന വിലാസത്തില്‍ C/O മനോജ് ബോറ എന്ന് കണ്ടെത്തിയതോടെ അസമിലെ എ.റ്റി.എം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്തി. ഗുവാഹത്തിക്കടുത്തുളള സ്ഥാപനത്തില്‍ വ്യാജപേരില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളെ മാള പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.

മാള പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സജിന്‍ ശശി.വി, സബ്ബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റോട്ടില്‍.വി.പി, അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജോബ്.സി.എ, സുധാകരന്‍.കെ.ആര്‍, എസ്.സി.പി.ഒ മാരായ ജീവന്‍.ഇ.എസ്, ബിനു.എം.ജെ എന്നിവരാണ് കൊലപാതകത്തിനുശേഷം ആറ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ കുറ്റവാളിയെ വിടാതെ പിന്തുടര്‍ന്ന് പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍.

Post a Comment

0 Comments