banner

സംസ്ഥാനത്ത് പതിമൂന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒക്ടോബർ ഒമ്പത് മുതൽ 13 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ 11-ാം തീയതി വരെ മഴയുണ്ടാകുമെന്ന് പ്രവചിച്ച ഐഎംഡി കേരളത്തിൽ രണ്ട് ദിവസം കൂടി മഴ നീളാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. മഴ പ്രമാണിച്ച് ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഒക്ടോബർ ഒമ്പത് - വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി. നാളെ ഒക്ടോബർ 10 - ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഐഎംഡി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് ശക്തമായതിന്റെ ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.

ഇടിമിന്നൽ ജാ​ഗ്രത നിർദേശങ്ങൾ:

1) മഴക്കാറുള്ളപ്പോഴോ ഇടിമിന്നൽ ഉള്ളപ്പോഴോ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

2) ഇടിമിന്നൽ ഉള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

3) ജനലും വാതിലും അടച്ചിടുക.

4) ലോഹ വസ്തുക്കളിൽ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകരുത്.

5) വീടിന് പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

6) യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

7) ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

8) ഇടിമിന്നൽ സമയത്ത് പട്ടം പറത്താൻ പാടില്ല.

9) തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

10) ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

11) ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

Post a Comment

0 Comments