banner

കെ.എം ഷാജി രേഖ നൽകിയില്ല, എതിര്‍ സത്യവാങ്മൂലം നല്‍കാൻ ഒരുങ്ങി വിജിലന്‍സ്

കോഴിക്കോട് : വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ വിജിലൻസ്. പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്ക് കൃത്യമായ രേഖ ഹാജരാക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസിന്‍റെ വാദം. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.

പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. അതേസമയം, പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്നാണ് വിജിലൻസിന്‍റെ നിലപാട്. അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലൻസ് അന്വേഷിക്കുന്നത്.

അഴീക്കോട് എം.എൽ.എയായിരിക്കെ 2016ൽ അഴീക്കോട് സ്കൂളിൽ പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് മുൻ മുസ്ലിം ലീഗ് നേതാവ് ആരോപിച്ചിരുന്നു. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയതായും ഈ അധ്യാപകന് പിന്നീട് അതേ സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചതായും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Post a Comment

0 Comments