banner

വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ യോദ്ധാക്കളാകണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍

കൊല്ലം : ശാരീരിക-മാനസികാരോഗ്യം തകര്‍ക്കുന്ന ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ യോദ്ധാക്കളാകണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ഫാത്തിമ മാതാ നാഷണല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ശില്‍പ്പശാല കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണര്‍.

എക്‌സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ലഹരി ഉപയോഗം സംബന്ധിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കാനുള്ള യോദ്ധാവ് ആപ്പ് വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ കാതറിന്‍ മൈക്കിള്‍ അധ്യക്ഷയായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് ലഹരി വിമുക്തി സന്ദേശം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍വഹിച്ചു. മാനേജര്‍ ഡോ. അഭിലാഷ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, സൈക്കോളജി വിഭാഗം മേധാവി ഡോ. പി. എസ് അനില്‍ ജോസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പോസ്റ്റര്‍ മത്സരത്തില്‍ രണ്ടാം വര്‍ഷ ബി. എ. ഇംഗ്ലീഷിലെ എബിന്‍ കുഞ്ഞുമോന്‍, രണ്ടാംവര്‍ഷ ബി.എ എക്കണോമിക്‌സിലെ ആരോണ്‍ എം.സി ഫ്രാന്‍സിസ്, ഒന്നാം വര്‍ഷ ബി. എ എക്കണോമിക്‌സിലെ ആന്‍ ലവീന വിജയ്, മുദ്രാവാക്യം തയ്യാറാക്കല്‍ മത്സരത്തില്‍ ബി.എ ചരിത്രപഠന വിദ്യാര്‍ഥിനി എസ്. വിജിമോള്‍, മൂന്നാംവര്‍ഷ ബി.കോം ഫിനാന്‍സിലെ ടെസ്സ സേവ്യര്‍, മൂന്നാം വര്‍ഷ ചരിത്രപഠന വിദ്യാര്‍ത്ഥി സഞ്ജയ് എസ്. കുമാര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിച്ച ലഹരി വിരുദ്ധ ഹ്രസ്വ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

Post a Comment

0 Comments