banner

വൈദ്യുതി നിരക്ക് താഴ്ന്നേക്കും; ഉല്‍പ്പാദനം കൂട്ടി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കണ്ണൂര്‍ : ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഗുണനിലവാരത്തോടെ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ കണ്ണൂര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് ബര്‍ണശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അണക്കെട്ടുകളില്‍ പ്രതിവര്‍ഷം സംഭരിച്ച് ഉപയോഗിക്കുന്നത് 300 ടിഎംസി ജലം മാത്രമാണ്. 2050 ആകുമ്പോഴേക്കും 2000 ടിഎംസിയെങ്കിലും സംഭരിച്ച് ഉപയോഗിക്കും. ഇതിന് സഹായകമാകുന്ന ചെറുതും വലുതുമായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്. ജല വൈദ്യുത ഉല്‍പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചുരുങ്ങിയ കാലയളവില്‍ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. 2022 മാര്‍ച്ചോടെ 124 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും.

1500 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളും പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിച്ച് വൈദ്യുതി ഉല്‍പ്പാദന മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹരിതോര്‍ജ വൈദ്യുത ഉല്‍പ്പാദനം ശക്തിപ്പെടുത്താനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന ജലവൈദ്യുത പദ്ധതിക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയപാത പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മുണ്ടയാടുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് പൊളിച്ചു മാറ്റിയതോടെയാണ് പുതിയ കെട്ടിടം കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ പണിതത്. 1.55 കോടി വിനിയോഗിച്ച് 423 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിച്ചത്.
ഡോ. വി. ശിവദാസന്‍ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, കോഴിക്കോട് സിവില്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനിയര്‍ കെ. രാജീവ് കുമാര്‍, കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.എ. ഷാജു, ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എന്‍. ശ്രീല കുമാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എംവി ജയരാജന്‍, കെ. മനോജ്, കെ.പി. പ്രശാന്ത്, സിറാജ് തയ്യില്‍ സംസാരിച്ചു.

Post a Comment

0 Comments