മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചേര്‍ന്നാണ് ശവമഞ്ചം താങ്ങിയത്.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, നേതാക്കളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, എം എ ബേബി എന്നിവര്‍ വിലാപയാത്രയെ കാല്‍നടയായി അനുഗമിച്ചു.
ഇന്നലെ ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എത്തിയ ഭൗതിക ശരീരം, ആദ്യം പൊതുദര്‍ശനത്തിന് വെച്ചത് തലശേരി ടൗണ്‍ ഹാളിലായിരുന്നു. ഇവിടേക്ക് ജനപ്രവാഹമുണ്ടായി. രാത്രിയോടെ മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാനായി ആളുകള്‍ എത്തിക്കൊണ്ടിരുന്നു.
രാവിലെ പതിനൊന്നു മണിയേടെയാണ് വീട്ടില്‍ നിന്ന് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ സ്മാരകത്തില്‍ എത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വ്യവസായി എം എ യൂസഫലി കോടിയേരിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
0 Comments