തരൂരിനെതിരെ കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിന് പിന്നിലെ കാരണം ഇതാണ്. ഭരണം ലഭിച്ചാൽ ഗ്രൂപ്പ് പോരിന്‍റെ കെണിയിൽ അകപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിന് കടിപിടി കൂടുമ്പോൾ സമവായ സ്ഥാനാർഥിയായി തരൂർ വരുമോയെന്നാണ് ഇവിടുത്തെ നേതാക്കളുടെ ഭയമെന്നും എൻ എസ് മാധവൻ പറഞ്ഞു.
കരിസ്മയും വാക്ചാതുരിയും പ്രായവും ആധുനികതയും എല്ലാം തരൂരിനൊപ്പമാണ്. കെജ്രിവാൾ മുതൽ ട്രംപ് വരെയുള്ളവരുടെ കാര്യം തെളിയിക്കുന്നത് രാഷ്ട്രീയത്തിൽ ദീർഘകാല പരിചയമില്ലത്തത് ഒരു പ്രശ്നമല്ലെന്നാണ്. കേരളത്തിൽനിന്നുള്ള സാധാരണക്കാരായ എഐസിസി അംഗങ്ങൾ തരൂരിനെ പിന്തുണയ്ക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.
130 വർഷത്തിലേറെ പഴക്കമുള്ള കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായിരുന്നത് സോണിയ ഗാന്ധിയാണ്. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് സീതാറാം കേസരിയിൽ നിന്നാണ് പാർട്ടിയുടെ നേതൃസ്ഥാനം സോണിയ ഏറ്റെടുത്തത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ 2017-19 കാലയളവിലെ രണ്ട് വർഷം സോണിയ ഗാന്ധി ഈ പദവിയിൽ നിന്നും ഇടവേള എടുത്തെങ്കിലും അതിനുശേഷം വീണ്ടും അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തി. ഇപ്പോൾ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 17 നാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. ഒക്‌ടോബർ 19-ന് വോട്ടെണ്ണൽ നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കും.
0 Comments