നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളതെന്ന് എൻഎസ്എസ് ചൂണ്ടിക്കാട്ടി.
പല യുവതി യുവാക്കൾക്കും ഇതുമൂലം നിയമനങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായി. സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
സ്ത്രീകളടക്കമുള്ളവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സർക്കാർ ചുമത്തിയ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. സന്നിധാനത്ത് ദർശനത്തിനായി എത്തിയ നിരപരാധികളായ ഭക്തർക്കെതിരെയും കേസുകളുണ്ട്. പതിനേഴായിരത്തോളം കേസുകളിലായി ഏകദേശം 68000 പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസുകൾ പിൻവലിക്കുമെന്നാണ് അറിഞ്ഞത്. ഇതിലും ഗൌരവമുള്ള കേസുകൾ പിൻവലിച്ചിട്ടും നിരപരാധികളായ ഭക്തർക്കെതിരായ കേസുകൾ പിൻവലിച്ചിട്ടില്ലെന്നും എൻഎസ്എസ് പത്രകുറിപ്പിൽ പറയുന്നു.
നാമജപയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ ഇപ്പോഴും കോടതിയിൽ ഹാജരാകാനുള്ള സമൻസുകൾ വന്നുകൊണ്ടിരിക്കുന്നു. ഈ കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റിയും മറ്റ് സംഘടനകളും പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ കേസുകൾ പിൻവലിക്കാൻ തയ്യാറാകാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വിശ്വാസിസമൂഹവും സർക്കാരുായി ഉണ്ടായ അഭിപ്രായഭിന്നതയ്ക്കും തുടർനടപടികൾക്കും ഒരു ശാന്തത കൈവന്നിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ നാമജപയാത്രയുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം പിൻവലിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
0 Comments