banner

പീഡനക്കേസില്‍ ജാമ്യത്തിന് അതിജീവിതയെ വിവാഹം ചെയ്യണം; വിചിത്ര നിബന്ധനയുമായി ബോംബെ ഹൈക്കോടതി

മുംബൈ : ബലാത്സംഗത്തിനിരയായി കുഞ്ഞിന് ജന്മം നൽകി കാണാതായ പെൺകുട്ടിയെ ഒരു വർഷത്തിനകം വിവാഹം കഴിച്ചാൽ ജാമ്യം അനുവദിക്കാമെന്ന് ബോംബെ ഹൈക്കോടതി. 

ksfe prakkulam

ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിധി. അതിജീവിതയെ കണ്ടെത്തുകയാണെങ്കിൽ വിവാഹം കഴിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഒരു വര്‍ഷത്തിനുള്ളിൽ അതിജീവിതയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്ന നിബന്ധനയില്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമാണെന്ന് ഉത്തരവില്‍ ജസ്റ്റിസ് ഭാരതി ഡാഗ്രേ വിശദമാക്കി.

22 കാരിയായ യുവതിയുടെ പരാതിയിലാണ് 26കാരനെ അറസ്റ്റ് ചെയ്തത്. അയൽവാസികളായ ഇരുവരും 2018 മുതൽ പരസ്പരം പരിചയമുള്ളവരാണ്. അവർ പ്രണയത്തിലായി എന്നത് ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. വിവാഹിതരാകാമെന്ന ധാരണയിൽ ഇരുവരും ശാരീരിക ബന്ധം പുലർത്തിയിരുന്നു. 2019 ഒക്ടോബറിലാണ് യുവതി ഗർഭിണിയായത്. താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് പറഞ്ഞു. ആറ് മാസം ഗർഭിണിയായിരുന്ന യുവതി 2020 ജനുവരി 27 നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മറൈൻ ലൈനിലെ ഒരു കെട്ടിടത്തിന്‍റെ കോമ്പൗണ്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു. കെട്ടിടത്തിന്‍റെ കാവൽക്കാരൻ കുട്ടിയെ എടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് യുവതി സ്ഥലം വിട്ടത്. 2020 ഫെബ്രുവരി 24 നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ശാരീരിക ബന്ധത്തിന് ശേഷം വഞ്ചിച്ചെന്നായിരുന്നു പരാതി.

അടുത്ത ദിവസം തന്നെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും തയ്യാറാണെന്ന് യുവാവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ ദത്ത് നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പീഡനം നടന്ന സമയത്ത് യുവതിക്ക് പ്രായപൂർത്തിയായിരുന്നെന്നും അവരുടെ ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയും കുടുംബവും യുവതിയുമായുള്ള വിവാഹത്തിന് തയ്യാറാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ യുവതിയെ കാണാനില്ല. ഈ സാഹചര്യത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

Post a Comment

0 Comments