banner

കൊച്ചി തീരത്തെ ലഹരിവേട്ട: പാക് ബന്ധം, അന്വേഷണത്തിന് എന്‍ഐഎ

കൊച്ചി : കൊച്ചി തീരക്കടലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ എന്‍.ഐ.എ.യും വിവരങ്ങള്‍ ശേഖരിക്കുന്നു. ലഹരിമരുന്ന് കടത്തില്‍ പാകിസ്താന്‍ മാഫിയയായ ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം വ്യക്തമായതോടെയാണ് എന്‍.ഐ.എ. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പ്രതികളെ എന്‍.ഐ.എ. സംഘം ചോദ്യംചെയ്തതായും സൂചനയുണ്ട്. 

രാജ്യാന്തര ബന്ധമുള്ള സംഭവമായതിനാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്.
പാകിസ്താനില്‍നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 200 കിലോ ഹെറോയിനാണ് കൊച്ചി തീരക്കടലില്‍വെച്ച് എന്‍.സി.ബി. പിടികൂടിയത്. സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. 

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാക് ലഹരിമാഫിയയായ ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തവും വ്യക്തമായത്.
അറസ്റ്റിലായ ആറ് ഇറാന്‍ സ്വദേശികളും നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ എന്‍.സി.ബി. കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യും. 

എന്‍.സി.ബി.യുടെ ഡല്‍ഹിയില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കൊച്ചിയിലെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

إرسال تعليق

0 تعليقات