കാട്ടൂർപേട്ട സ്വദേശിയായ സിറാജ് ഏറെനാളായി കൊല്ലം കുന്നിക്കോട് ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. അടുത്തിടെ ഈ സ്ത്രീയുടെ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സിറാജിനെതിരേ പരാതി ലഭിച്ചു. കുന്നിക്കോട് പോലീസ് ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. എന്നാൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ കുന്നിക്കോട് നിന്നും സ്വദേശത്തേക്ക് മുങ്ങുകയായിരുന്നു.
പ്രതിയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഇയാൾ ആറന്മുളയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും എ.എസ്.ഐ.യും അടക്കമുള്ളവർ മഫ്തിയിൽ സ്വകാര്യകാറിൽ ആറന്മുളയിലെത്തി. ഇക്കാര്യം ആറന്മുള പോലീസിനെയും അറിയിച്ചു. ഇതിനുപിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിറാജിനെ പോലീസ് സംഘം കണ്ടെത്തി. ഇയാളെ തടഞ്ഞ് കേസിന്റെ വിവരമറിയിക്കുകയും കസ്റ്റഡിയിലെടുത്ത് സ്വകാര്യവാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പ്രതിയുമായി മഫ്തിയിലെത്തിയ പോലീസ് സംഘം യാത്രതിരിച്ചതിന് പിന്നാലെ സ്ത്രീകൾ അടക്കമുള്ള ബന്ധുക്കൾ സംഘടിച്ചെത്തി വാഹനം തടയുകയായിരുന്നു. തുടർന്ന് പിൻസീറ്റിലിരുന്ന സിറാജിനെ ഇവർ ബലമായി മോചിപ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ മോചിപ്പിച്ചവർ പോലീസുകാരോട് ഐ.ഡി. കാർഡ് അടക്കം ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വകാര്യവാഹനത്തിൽ വന്നത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും സിറാജിനെ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതിയാണ് കാറിൽനിന്ന് മോചിപ്പിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ കുന്നിക്കോട് പോലീസിന്റെ പരാതിയിൽ പത്തുപേർക്കെതിരേ ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബന്ധുക്കൾ മോചിപ്പിച്ച പ്രതിയെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
0 Comments