banner

കിളിക്കൊല്ലൂരിലെ പോലീസ് ക്രൂരത: കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപാൽ എം.എൽ.എ


കിളിക്കൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ മർദനമേറ്റ വിഘ്നേഷിനെ വീട്ടിലെത്തി സന്ദർശിച്ച് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും പുനലൂർ എം.എൽ.എ യുമായ അഡ്വക്കേറ്റ് പി.എ സുപാൽ. സഹോദരങ്ങൾക്കെതിരെ പോലീസ് സ്വീകരിച്ചത് അങ്ങേയറ്റത്തെ ക്രിമിനൽ നടപടിയെന്ന് എം.എൽ.എ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

മർദിച്ച പോലീസുകാർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ തുടരുന്ന കാര്യം മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്നതായി എം.എൽ.എ അറിയിച്ചു. അങ്ങേയറ്റം ക്രൂരതയാണ് പോലീസ് സ്വീകരിച്ചത്. ഇടതു പക്ഷത്തിൻ്റെ പോലീസ് നയത്തിന് വിരുദ്ധമായാണ് അവരുടെ പ്രവർത്തനം. അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം കുറ്റവാളികളെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേഗം പൂർത്തികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം, ആക്രമണത്തിനിരയായ വിഘ്നേഷിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വീട്ടിലെത്തി സന്ദർശിച്ചിരുന്നു. സനോജിന് മുന്നിൽ പൊട്ടിക്കരഞ്ഞ വിഘ്നേഷിൻ്റെ മാതാവിനെ ആശ്വസിപ്പിച്ചാണ് സംസ്ഥാന സെക്രട്ടറി മടങ്ങിയത്. ശക്തമായ നടപടി ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നതായും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു.

Post a Comment

0 Comments