തിരുവനന്തപുരം : ദീപാവലിയോട് അനുബന്ധിച്ച് കേരള പോലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്. ലക്ഷങ്ങളുടെ പടക്കങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് പോലീസ് വിറ്റഴിച്ചത്. തലസ്ഥാന നഗരിയിലെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പോലീസിൻ്റെ `പടക്കം ചന്ത´ പ്രവർത്തിച്ചത്. ദീപാവലിക്ക് രണ്ടു ദിവസം മുമ്പേ ആരംഭിച്ച പടക്കം കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. തലസ്ഥാന നഗരിയിലെ നിരവധി ജനങ്ങൾ ഈ ദീപാവലി ആഘോഷിച്ചത് പോലീസ് പടക്കം ഉപയോഗിച്ചായിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഈ പടക്കം കച്ചവടത്തിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്.
പോലീസ് വെൽഫെയർ അസോസിയേഷൻ്റെ കീഴിലായിരുന്നു പടക്കം ചന്ത പ്രവർത്തിച്ചത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴിൽ രണ്ടു പടക്കം ചന്തകൾ എആർ ക്യാമ്പിൽ ക്രമീകരിച്ചിരുന്നു. രണ്ടിലും പടക്ക വിൽപ്പന തൃകൃതിയായി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേട്ടറിഞ്ഞും മറ്റും നിരവധി പേരാണ് ദീപാവലി ആഘോഷിക്കാൻ പടക്കം വാങ്ങാനെത്തിയത്. രണ്ടു മാർക്കറ്റിലും മൂന്നു ദിവസവും കച്ചടമുണ്ടായിരുന്നു.
ഓലപ്പടക്കങ്ങൾ ഉൾപ്പെടെ ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന പടക്കങ്ങൾ കുറച്ച് കമ്പിത്തിരി, പൂത്തിരി, തറച്ചക്രം തുടങ്ങിയ വർണ്ണങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. മാത്രമല്ല വിവിധ വിലകൾക്കുള്ള ബോക്സായിട്ടായിരുന്നു പടക്കം വിൽപ്പന നടത്തിയത്. ചില്ലറ വിൽപ്പന സംവിധാനം ഒഴിവാക്കി ബോക്സാക്കി നൽകുന്നതു കൊണ്ടും വീട്ടിലേക്ക് കൊണ്ടുപോകാൻ എളുപ്പമായതു കൊണ്ടും നിരവധി പേർ ക്യാമ്പിലെത്തി പടക്കം വാങ്ങിക്കുകയുണ്ടായി.
0 Comments