കോട്ടയം : കാഞ്ഞിരപ്പളളിയില്‍ പോലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതിയില്ലെന്ന് കടയുടമ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കടയുടമയാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസുമായി മുന്നോട്ടുപോകുമെന്നും മാതൃകാപരമായ സമീപനം തന്നെ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കട ഉടമയുടെ അപേക്ഷയില്‍ പോലീസ് എതിര്‍വാദം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ കേസ് തീര്‍പ്പാക്കുന്നത് അടുത്ത ദിവസത്തേയ്ക്കു മാറ്റി വച്ചു.
കേസ് കാഞ്ഞിരപ്പള്ളി കോടതിയില്‍ തീര്‍പ്പായില്ലെങ്കില്‍, എഫ്ഐആര്‍ ക്ലോസ് ചെയ്യുന്നതിനായി കട ഉടമ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ പ്രതിയായ പോലീസുദ്യോസ്ഥന്‍ പിവി ഷിഹാബിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു.
അതേസമയം, പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടവര്‍ കടയുടമയെ ബന്ധപ്പെടുകയും ഒത്തു തീര്‍പ്പിന് നീക്കം നടത്തുകയുമായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഇയാള്‍ പരാതിയില്ലെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കുറ്റകൃത്യമായതിനാല്‍ കേസ് ഒഴിവാക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പോലീസുകാരനായ പിവി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നു.
രാവിലെ കടതുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകകായിരുന്നു. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായിരുന്നതാണ് മോഷ്ടാവിനെ കണ്ടെത്താന്‍ സഹായിച്ചത്. കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പോലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഷിഹാബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
0 Comments