banner

ദീപാവലി ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നാളെ അയോധ്യയില്‍

ഡൽഹി : ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്തും. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ വൈകുന്നേരം അഞ്ചു മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി ഭഗവാന്‍ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തും. തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശേഷം അദ്ദേഹം പ്രതീകാത്മക ഭഗവാന്‍ ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ദീപോത്സവത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെയും പശ്ചാത്തലത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രധാനമന്ത്രി ദീപോത്സവത്തില്‍ പങ്കെടുക്കുന്നത്.

രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ മോസ്‌കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും. 12 കലാകാരന്മാർ അടങ്ങുന്ന മോസ്കോയിൽ നിന്നുള്ള ടീമിനെ ദിശ-ഇന്ത്യ റഷ്യ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയാണ് പരിശീലിച്ചതും ഏകോപിപ്പിച്ചതും. ഗെന്നഡി പിച്ച്‌നിക്കോവ് മെമ്മോറിയൽ റഷ്യൻ രാം ലീല ടീമും ദിശയും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായാണ് ഇവർ അയോധ്യയിൽ രാംലീല അവതരിപ്പിക്കുക.

Post a Comment

0 Comments