banner

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും നാളെയും കേരളത്തിൽ കൂടുതൽ വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടി.

എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചിരുന്നു. ഉച്ചക്ക് ശേഷം മഴ പെയ്യാനാണ് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.


കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊൻമുടി പൂർണമായും ഒറ്റപ്പെട്ടു. നേരത്തെ 12-ാം വളവിൽ റോഡ് തകർന്ന പ്രദേശത്ത് റോഡ് പണി തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ 12-ാം വളവിനപ്പുറത്തേക്ക് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി പൊൻമുടി പ്രദേശത്ത് മഴ പെയ്യുകയായിരുന്നു. റോഡ് തകർന്നതിനാൽ നേരത്തെ തന്നെ പൊൻമുടി സന്ദർശിക്കാൻ വിനോദ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല.

Post a Comment

0 Comments