banner

'സവർക്കറും ഗവർണറും ഗേറ്റിന് പുറത്ത്'; കൊല്ലം എസ്.എൻ കോളേജിന് മുന്നിൽ എസ്.എഫ്.ഐ ബാനർ സ്ഥാപിച്ചു

കൊല്ലം : കൊല്ലം ശ്രീനാരായണ കോളേജിന് മുന്നിൽ എസ്.എഫ്.ഐ ഉയർത്തിയ ബാനർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.  'സവർക്കറും ഗവർണറും ഗേറ്റിന് പുറത്ത്' എന്നാണ് എസ്.എഫ്.ഐ പ്രധാന കാവാടത്തിന് മുന്നിൽ സ്ഥാപിച്ച ബാനറിൽ എഴുതിയിട്ടുള്ളത്. 

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് നേരത്തെ എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലാ ക്യാമ്പസുകളിലെ നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറുകളിൽ ഗവർണർ വിഷയം ചർച്ചയായത്.

അതേ സമയം സർക്കാരും ഗവർണറും തമ്മിലുള്ള പോര് അനുദിനം കടുക്കുകയാണ്. സർക്കാരിന് പിന്തുണയറിയിച്ച് ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സി.പി.എം. സംസ്ഥാനത്തുടനീളം ഇന്നും നാളെയുമായി പ്രതിഷേധപ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.

നവംബർ 15 ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.



Post a Comment

0 Comments