banner

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രനെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം, മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ലൈംഗിക പീഡനക്കേസിലെ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ദളിത് യുവതി നല്‍കിയ ലൈംഗിക പീഡനക്കേസിലാണ് ഹൈക്കോടതി നടപടി. സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ആഴ്ച പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു, ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്.

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ലെന്നാണ് വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞത്.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.

യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ നിരീക്ഷണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Post a Comment

0 Comments