ഇലന്തൂരിലെ ഇരട്ടക്കൊലക്കേസ് ആസൂത്രിത നരബലി തന്നെ ആയിരുന്നു എന്നും സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇലന്തൂരിലെ ഭഗവൽസിങ്ങും ലൈലയുമായി ഷാഫിക്ക് 2019 മുതൽ ബന്ധമുണ്ട്. ഇവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മനസിലാക്കി വർഷങ്ങളായി അടുത്ത ബന്ധം സ്ഥാപിച്ചു. ഒടുവിൽ ഷാഫി പറയുന്നതെല്ലാം ചെയ്യുന്ന അവസ്ഥയിലെത്തിയെന്നു പൊലീസ് പറയുന്നു. ശ്രീദേവി എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് 68കാരനായ ഭഗവൽ സിങ്ങുമായി പ്രണയം നടിച്ചു കൂടുതൽ അടുക്കുകയും ചെയ്തു. ഭഗവൽ സിങ്ങിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള സിദ്ധിവിദ്യ തനിക്കുണ്ടെന്ന് ഷാഫി പറഞ്ഞു വിശ്വസിപ്പച്ചു.
അതിനു നരബലിയാണ് ഉത്തമമെന്നും ധരിപ്പിച്ചു. ബലി ചെയ്യാനുള്ള ആളെയും താൻ തന്നെ കൊണ്ടുവരാമെന്നു സമ്മതിച്ചതോടെ ഭഗവൽ സിംഗും ലൈലയും അതിന് അനുമതി നൽകി.
അതിനിടെ കാലടയിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന റോസലിൻ എന്ന യുവതിയുമായി ഷാഫിക്ക് അടുപ്പമുണ്ടായിരുന്നു. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി അവരെ സഹായിക്കാമെന്ന് ഏറ്റു.
ഇതിനായി തിരുവല്ലയിൽ ദമ്പതികളെ പരിചയപ്പെടുത്താമെന്നും അവർ പത്ത് ലക്ഷം രൂപ സഹായം നൽകുമെന്നും പറഞ്ഞാണ് അവരെ ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു വന്നത്. അവിടെയെത്തിയ ദിവസം രാത്രിയിൽ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം കത്തികൊണ്ടു മുറിവേല്പിച്ചു. വായിൽ തുണി തിരുകിയായിരുന്നു പീഡനം. ഷാഫി തന്നെയാണ് അതിനു നേതൃത്വം നൽകിയത്. ഭഗവൽ സിങ്ങും ഭാര്യയും സഹായിച്ചു.
മാസങ്ങൾക്കു ശേഷമാണ് കടവന്ത്രയിൽ നിന്ന് പത്മം എന്ന സ്ത്രീയെ ഇയാൾ വശത്താക്കി. ഇവർക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. തിരുവല്ലയിലെ ദമ്പതിമാരിൽ നിന്നു സഹായം വാങ്ങിത്തരാമെന്നു പറഞ്ഞ് ഇവരെയും കടത്തിക്കൊണ്ടു പോയി. പത്മയെ കാണാനില്ലെന്ന പരാതിയുമായി മകനും സഹോദരിയും കടവന്ത്ര പോലീസിൽ എത്തിയതോടെയാണ് കേസ് ചുരുൾ നിവർന്നത്. പത്മയുടെ ഫോണിലേക്കു വന്ന ഫോൺ കോളുകളും ഇവരെ കടത്തിക്കൊണ്ടു പോയ സ്കോർപ്പിയോ കാറും മുൻനിർത്തി പൊലീസ് നത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കണ്ടുപിടിക്കാൻ സഹായിച്ചതെന്ന് സിറ്റി കമ്മിഷണർ അറിയിച്ചു.
കടവന്ത്ര പൊലീസിന്റെ അവസരോചിതവും തിടുക്കപ്പെട്ടുള്ളതും ശാസ്ത്രീയവുമായ അന്വേഷണമാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ ചുരുളഴിച്ചതെന്നും നാഗരാജു പറഞ്ഞു. അന്വേഷണത്തിൽ പങ്കാളികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
0 Comments