banner

'ഷാരോണും പെൺസുഹൃത്തും ജ്യൂസ് ചലഞ്ച് നടത്തി'; വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബം

പാറശ്ശാല ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബം. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. 

കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.

ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്.

കൂടാതെ പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് ചലഞ്ച് നടത്തിയത്. ഇപ്പോൾ പുറത്തു വന്ന വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപാണ് നടത്തിയത്.


കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. ഇതിന് ശേഷം ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്ന് സഹോദരൻ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെൺകുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ നവംബറിന് മുന്നെ വിവാഹം നടന്നാൽ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു. അപ്പോഴും ഷാരോണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാൻ കുടംബം പാനീയത്തിൽ ആസിഡ് ചേർത്ത് കൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുർവേദ ഡോക്ടർകൂടിയായ ഷാരോണിന്റെ സഹോദരൻ ഷിമോൺ പറയുന്നത്. ഷാരോണിന് കുടിക്കാൻ കൊടുത്തുവെന്ന് പറയുന്ന ആയുർവേദ മരുന്ന് കുടിച്ചാൽ ഒരു തരത്തിലും ജീവന് അപകടമുണ്ടാവാത്തതാണ്. ഉയർന്ന അളവിൽ കൊടുത്താൽ പോലും കൂടുതൽ മൂത്രം പോവുന്ന പ്രശ്നമുണ്ടാവുമെന്നല്ലാതെ മരണം സംഭവിക്കാറില്ല. എന്നാൽ ഷാരോണിന്റെ ചുണ്ട് മുതൽ വയറിന്റെ അടിഭാഗം വരെ ഉള്ളിൽ പൂർണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചത് കൊണ്ട് വരില്ലന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഷിമോൺ പറയുന്നു.

നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാൻ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാൻ കൊടുത്തുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയതായി അമ്മാവൻ സത്യശീലനും പറയുന്നു. സ്ഥിരമായി ഈ കഷായം കുടിക്കാറുള്ള പെൺകുട്ടി മരുന്നിന് കയ്പ്പാണെന്ന് എപ്പോഴും പെൺകുട്ടി ഷാരോണിനോട് പറയുമായിരുന്നു. ഇത് പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടിൽ പോയപ്പോഴും മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. തുടർന്നാണ് കുടിച്ച് നോക്കാൻ പറഞ്ഞ് കഷായം ഗ്ലാസിൽ ഒഴിച്ചുകൊടുത്തത്. ഇക്കാര്യം പുറത്ത് വന്ന ചാറ്റിൽ നിന്നും വ്യക്തമാവുകയും ചെയ്യുന്നുണ്ട്. ഇത്രയും തെളിവുണ്ടായിട്ടും പോലീസ് കൃത്യമായി അന്വേഷിക്കാൻ തയ്യാറാവുന്നില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണെന്നും കുടുംബം പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ലാബ് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നാൽ മാത്രമേ കൂടുതൽ പറയാൻ കഴിയുകയുള്ളൂവെന്നും പാറശ്ശാല പോലീസ് വ്യക്തമാക്കി. വിവാഹം കഴിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും പെൺകുട്ടിയുടേയും വീട്ടുകാരുടേയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Post a Comment

0 Comments