banner

സൂര്യഗ്രഹണം കാണണ്ടേ?; കേരളത്തില്‍ ദൃശ്യമാകുന്നത് ഇവിടെയെല്ലാം

തിരുവനന്തപുരം : ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഇന്ത്യയില്‍ ഭാഗിക ഗ്രഹണമാണ് കാണാന്‍ സാധിക്കുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. ജലന്ധറില്‍ സൂര്യ ബിംബത്തിന്റെ 51 ശതമാനം മറയ്ക്കപ്പെടും.

എന്നാല്‍ കേരളത്തില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളൂ. വൈകീട്ട് 5.52ന് ആണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ദൃശ്യമാകും. ഇന്ത്യയില്‍ സൂര്യാസ്തമയത്തിന് മുന്‍പാണ് ഗ്രഹണം ആരംഭിക്കുക. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല.

അതേസമയം, ദില്ലിയില്‍ 43.8 ശതമാനമാണ് ഗ്രഹണം കാണാന്‍ സാധിക്കും. കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും.

സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട് ചന്ദ്രന്‍ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഒരു അമാവാസിയില്‍ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ, എല്ലാ അമാവാസിയിലും സൂര്യഗ്രഹണത്തില്‍ കലാശിക്കുന്നില്ല. ഇന്ന് സംഭവിക്കാനിരിക്കുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.

ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴല്‍ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാല്‍ ഭൂമിയിലെ ഏതു പ്രദേശത്തും പൂര്‍ണ്ണ സുര്യഗ്രഹണം എന്നത് അപൂര്‍വമായ ഒരു പ്രതിഭാസമാണ്.

പൂര്‍ണ്ണസൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു പോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല. പൂര്‍ണ്ണസൂര്യഗ്രഹണം വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു. ഇതിന് അമാവാസി ദിവസം ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വന്നാല്‍ മാത്രം പോരാ. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ മദ്ധ്യബിന്ദുവും സൂര്യന്റെ മദ്ധ്യബിന്ദുവും ഒരേ നേര്‍രേഖയില്‍ വരികയും ചന്ദ്രന്‍ ഉപഭൂവിലായിരിക്കുകയും വേണം.

Post a Comment

0 Comments