banner

‘ചിറകുകള്‍ വിടര്‍ത്തി അവര്‍ പറന്നുയരട്ടെ’; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

ഇന്ന് ലോക ബാലികാദിനം. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. 2011 ഡിസംബര്‍ 19-ന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു.
ദേശവ്യത്യാസമില്ലാതെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗീക ചൂഷണം വരെ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും കുട്ടികളെ അരക്ഷിതരാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടിയാണ് ബാലികാ ദിനം മുന്നോട്ട് വെക്കുന്നത്.

നിരവധി പെണ്‍കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും പൊലിഞ്ഞു പോകുന്ന വാര്‍ത്തകള്‍ സ്ഥിരം പല്ലവിയായ ഈ കാലഘട്ടത്തില്‍ ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നു. ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങള്‍ പെണ്‍കുഞ്ഞുങ്ങള്‍ സഹിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ ഒരു നാടിന്റെയും വീടിന്റെയും സമ്പത്താണെന്ന് തിരിച്ചറിയുന്ന സമയം, അവരുടെ ചിറകുകള്‍ അരിയാന്‍ ശ്രമിക്കാതെ അവരെ പറക്കാന്‍ അനുവദിക്കുന്ന കാലത്ത് ലോക ബാലികാദിനം ദിനം എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെടും. ആ ദിനത്തിലേക്കാകട്ടെ കാലത്തിന്റെ യാത്ര.

വിദ്യാഭ്യാസം, പോഷകാഹാരം, നിർബന്ധിത ശൈശവവിവാഹം, നിയമപരമായ അവകാശങ്ങൾ, മെഡിക്കൽ അവകാശങ്ങൾ തുടങ്ങിയ അന്തർദേശീയ തലത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ ദിനം അവബോധം സൃഷ്ടിക്കുന്നു.

Post a Comment

0 Comments